
പത്താം ക്ലാസിന്‍റെ പഠിപ്പുകൊണ്ട് രക്ഷപ്പെട്ടു കളയാം എന്ന് കരുതി
നാട് വിട്ടു പോയി, അങ്ങ് വടക്കേ ഇന്ത്യയില്‍ മിക്കവാറും എല്ലാ നഗരങ്ങളിലും
ഭേദപ്പെട്ട നിലയില്‍ പട്ടിണി കിടന്നു ആറു വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങി വന്നതാണ് ഞാന്‍,
സ്വഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല .
പട്ടിണി സംഭാവന ചെയ്ത കുഴിഞ്ഞ കണ്ണും ഒട്ടിയ വയറും
തെളിഞ്ഞു നില്‍ക്കുന്ന വാരിയെല്ലുകളും ആണ് ആ ആറു കൊല്ലത്തിന്‍റെ ശേഷിപ്പുകള്‍.
നാട്ടില്‍ വല്യ മാറ്റം ഒന്നുമില്ല .പുതിയ തലമുറയിലെ വായിനോക്കികള്‍ എനിക്ക് കൂട്ടുണ്ട്....
ചേട്ടന്‍ ദുബായിലെത്തിയതുകൊണ്ട് വീട്ടില്‍ അടുപ്പും പുകയുന്നുണ്ട്.
അലഞ്ഞു തിരിഞ്ഞു ഞാന്‍ തിരികയെത്തിയത് നാട്ടില്‍ വല്യ വാര്‍ത്ത ഒന്നുമായില്ല,
"ഹും ... അവനിങ്ങു വന്നോ?
അത്രമാത്രം.
അമ്മ ചേട്ടനെ അറിയിച്ചു, ഞാനിങ്ങു വന്നെന്നു....
വളരെക്കാലത്തെ കഷ്ടപ്പാടിനു ശേഷമാണ് ചേട്ടന്‍ ദുബായില്‍ എത്തിയത്.
ഭേദപ്പെട്ട ഒരു ജോലിയും കിട്ടി. പുള്ളിക്കാരന്‍ അവിടെ ചെന്നിറങ്ങുമ്പോള്‍ കണ്ടത് ,
മുഴുവന്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലികളാണ്. എല്ലാം അലൂമിനിയം ഫാബ്രിക്കേഷന്‍ മയം. നിരവധി തൊഴിലവസരങ്ങള്‍. ചേട്ടന്‍റെ സഹോദര സ്നേഹം പൊടുന്നനെ വര്‍ധിച്ചു, അമ്മയോട് ഒരു നിര്‍ദേശവും.
"അവനെ അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിക്കാന്‍ വിടൂ"
"വിസ ഉടന്‍ ശരിയാക്കാം"
കേട്ടത് പാതി,കേള്‍ക്കാത്ത പാതി അമ്മ എന്‍റെ കയ്യില്‍ പിടിച്ചു ഒരോട്ടമാണ്.
ഇവനെ അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിപ്പിച്ചിട്ടു തന്നെ കാര്യം.
അങ്ങിനെ അടുത്ത പട്ടണത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിക്കാനായി
ഞാന്‍ പോയി തുടങ്ങി.
നാടുവിട്ടു തെണ്ടിയായി തിരിച്ചു വരികയും,
മുഴുവന്‍ സമയ വായി നോക്കിയായി പേരെടുക്കുകയും ചെയ്ത ഞാന്‍
പഠിക്കാന്‍ പോകുന്നത് നാട്ടില്‍ കുഞ്ഞൊരു വാര്‍ത്തയായി.
രാവിലെ കാല്‍സരായി ഒക്കെ ഇട്ടു ഒരു ബുക്കൊക്കെ പിടിച്ചു
ഇവനിതെങ്ങോട്ടു പോകുന്നെന്ന ചോദ്യം ചുറ്റുവട്ടത്തെ മുഖങ്ങളിലെല്ലാം ഉണ്ട്.
പഠിത്തം കഴിഞ്ഞെത്തിയാല്‍ പതിവ് കറക്കം മുടക്കാറില്ല.
അന്ന് വൈകിട്ടും പങ്കജാക്ഷന്‍റെ കടയിലേക്ക് നീങ്ങി, കുറച്ചു കുശുമ്പ് പറഞ്ഞിരിക്കാം.
കടയില്‍ കുറെ ആളുണ്ട്.
പങ്കജാക്ഷന്‍, ഭാര്യ, മകന്‍ പിന്നെ പതിവ് പറ്റുപടിക്കാരും.
ഞാനും ഒരു ചായ പറഞ്ഞു.
കൊച്ച്ചാട്ടന്മാര്‍ കുറെ പേരുണ്ട്.
"നീ രാവിലെ ഇതെങ്ങോട്ട് പോകുവാടാ,എന്നും"?
ചോദ്യം താഴേതിലെ പൊടിയന്‍ വല്യച്ചന്‍ വക.
എഴുപതു വയസോളം വരും ആളിന്.
ഒരു പുശ്ച്ച ഭാവം എല്ലാ മുഖങ്ങളിലെല്ലാം,
എല്ലാ കണ്ണുകളും മറുപടി ആഗ്രഹിക്കുന്നു.
ഒരു ഡിസ്കഷന്‍ നടന്നു എന്ന് വ്യക്തം.
"ഞാന്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിക്കാന്‍ പോകുവാ"
എന്‍റെ മറുപടി ചുറ്റുമിരുന്ന മുഖങ്ങളിലെ
പരിഹാസഭാവം കൂട്ടി.
"അതെന്താ സംഭവം" ? പാപ്പനാശാനാണ് -
തികച്ചും ആത്മാര്‍ഥമായ ചോദ്യമാണ്,പുള്ളിക്ക് കാര്യം പിടികിട്ടിയിട്ടില്ല.
ഞാന്‍ സംഗതി വിശദീകരിക്കുവാന്‍ ഒരുങ്ങവേ
പൊടിയന്‍ വല്യച്ചന്‍ പറഞ്ഞു തുടങ്ങി. എന്നോടാണ്-
" എന്തായാലും വേണ്ടില്ല നീ നന്നായി പഠിക്കണം കേട്ടോ."
എന്‍റെ ശ്വാസം നേരെ വീണു,എന്തായാലും പരിഹാസമല്ല.
"കാരണം, നിന്‍റെ അമ്മ ഒത്തിരി കഷ്ടപെട്ടതാ നിങ്ങള്‍ക്ക് വേണ്ടി"
ഞാന്‍ തലയാട്ടി.
എല്ലാവരും കേട്ടിരിക്കുന്നു.
വല്യച്ചന്‍ പറഞ്ഞതില്‍ സത്യമുണ്ടെന്ന് അവര്‍ക്കറിയാം.
"സംഗതി നീ ഒന്ന് പടിച്ചെടുക്ക്,"
"നിനക്കുള്ള ആദ്യ വര്‍ക്ക് ഞാന്‍ തരും"
എന്‍റെ കണ്ണ് നിറഞ്ഞു ആ മനുഷ്യന്‍റെ വാക്കുകള്‍ കേട്ട്.
ഈ വല്യച്ചന്‍ ആണോ കളിയാക്കും എന്ന് ഞാന്‍ പേടിച്ചത്.
ബാക്കിയുള്ളവര്‍ പുള്ളികാരനെ നോക്കിയിരുന്നു.
"എല്ലാം പഠിച്ചു കഴിഞ്ഞു വേണം നീ എനിക്ക്-
"ഒരു അലൂമിനിയത്തിന്‍റെ ചരുവം ഉണ്ടാക്കിത്തരാന്‍"
നിറഞ്ഞു വന്ന എന്‍റെ കണ്ണ് തുളുമ്പി പോയി.......
തോളില്‍ കിടന്ന തോര്‍ത്ത് നേരെയാക്കി വല്യച്ചന്‍ റോഡിലേക്കിറങ്ങി.
ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നു,
ഞാന്‍ പാപ്പനാശാനെ ഒന്ന് നോക്കി.
എല്ലാം മനസിലായ മട്ടില്‍ അങ്ങേരും ഇരുന്നു.
"എല്ലാം പഠിച്ചു കഴിഞ്ഞു വേണം നീ എനിക്ക്-
"ഒരു അലൂമിനിയത്തിന്‍റെ ചരുവം ഉണ്ടാക്കിത്തരാന്‍"
"അതായിരിക്കണം നിന്‍റെ ആദ്യ വര്‍ക്ക്"
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു എങ്കിലും അന്ന് എന്‍റെ
മനസിലുണ്ടായ വികാരം എന്തെന്ന് ഇപ്പോഴും എനിക്കറിയില്ല.
agane aluminium pathram undakan padichu padichu ratheesh immini vallya oru reporter aayi...BHAGAVAN TERE MAAYA...
ReplyDelete