
ഇനി ഇതൊരു മധുരിക്കുന്ന, അല്‍പ്പം നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ മാത്രമാകും.
പുനലൂരില്‍ നിന്നു ചെങ്കോട്ട വരെ നീളുന്ന മീറ്റര്‍ ഗേജു യാത്ര.
സ്വന്തമായി, അഭിമാനിക്കാന്‍ വകയുള്ളതെല്ലാം നഷ്ടമായ ഊരാണ് പുനലൂര്‍.
പേപ്പര്‍ മില്ലിന്‍റെ പ്രൌഡിയും തൂക്കുപാലത്തിന്‍റെ പെരുമയും നഷ്ടപെട്ട ഊര് ...
അഭിമാനിക്കാന്‍ ബാക്കിനില്‍ക്കുന്ന മീറ്റര്‍ ഗേജു യാത്രയും ഇനി അല്പനാള്‍ കൂടി മാത്രം.
ഒരിക്കല്‍ യാത്ര ചെയ്തവര്‍ ഒരിക്കലും മറക്കാത്ത അനുഭവമാണ് ഈ യാത്ര.
നാല്പതു കിലോമീറ്റര്‍, ഒന്‍പതു രൂപ ടിക്കെട്ടു നിരക്ക്.
പുനലൂരില്‍ നിന്നു തുടങ്ങി കിഴക്കന്‍ മലയോര മേഖലയുടെ
പ്രകൃതി സൌന്ദര്യം നുണ ഞ്ഞു,
തമിഴിന്‍റെ സമതല ഊഷ്മളത വരെ നീളുന്ന യാത്ര .
ഗ്രാമ വിശുദ്ധിയുള്ള കാഴ്ചകള്‍ നിറഞ്ഞ ....
നാട്ടിന്‍പുറത്തിന്‍റെ നന്‍മകള്‍ നിറഞ്ഞ...
പച്ചപ്പ് നിറഞ്ഞ,
കുളിരണിഞ്ഞ സഹ്യന്‍റെ താഴ്വരയിലൂടെ ഒരു യാത്ര.
പുനലൂര്‍ സ്റ്റേഷനില്‍ ചൂളം കുത്തി നില്‍ക്കുന്നു,
തുരുമ്പ് കലര്‍ന്ന ഇരുമ്പിന്‍റെ നിറമുള്ള മീറ്റര്‍ ഗേജു തീവണ്ടി.
ബോഗികളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.
നീങ്ങിത്തുടങ്ങിയാല്‍ നിമിഷങ്ങള്‍ക്കകം കല്ലടയാറിന് മുകളിലൂടെയുള്ള പാലത്തിലെത്തും.
അല്പം ദൂരെ കാണാം,
പുനലൂരെന്ന ചെറിയ പട്ടണത്തിന്‍റെ ഖ്യാതി ലോകത്തെ അറിയിച്ച
തൂക്കുപാലം തലയെടുപ്പോടെ നില്‍ക്കുന്നത്.
നാട്ടുവഴിയിലെന്ന പോലെ വളഞ്ഞും തിരിഞ്ഞും
പച്ചപ്പിലേക്ക് ഊളിയിടുകയാണ് പിന്നെ.
കണ്കുളിര്‍പ്പിക്കുന്ന, പച്ചപ്പ് നിറഞ്ഞ കലയനാട്ടെ നെല്‍പ്പാടങ്ങള്‍ക്കു നടുവിലൂടെ
കാടിന്‍റെ വന്യമായ സൌന്ദര്യത്തിലേക്ക്.
തെന്‍മലയിലെ ഓടുമേഞ്ഞ തീവണ്ടിയാപ്പീസ്....
തിരക്കൊഴിഞ്ഞ ബോഗികളിലെ കൂപ്പകളില്‍ പ്രണയത്തിന്‍റെ കുറുകലുകള്‍ കേള്‍ക്കാം, ചെവിയോര്‍ത്താല്‍.
ആരും ശല്യപ്പെടുത്താനില്ലാത്ത സ്വകര്യതയിലെ പങ്കിടലുകള്‍,
ഇഴുകിച്ചേര്‍ന്നുള്ള പുറംകാഴ്ചകള്‍ ....
പതിഞ്ഞ താളത്തിലാണ് യാത്ര.
പതിയെ ഇഴഞ്ഞു...
ഒരു ദീപാവലിക്കാലത്തെ ശിവകാശി യാത്ര ഓര്‍മ്മ വരുന്നു.
പൂഴിനുള്ളിയിട്ടാല്‍ വീഴില്ല, അത്ര തിരക്ക്.
നിറയെ തമിഴ്മക്കള്‍,ദീപാവലി ആഘോഷമാക്കാന്‍ പോകുന്ന പോക്ക്...
തെന്‍മലയില്‍ ഒരിടത്ത് വണ്ടി ചൂളം കുത്തി നിന്നു.
കുറെ നേരം.
കാരണം അന്വേഷിച്ചപ്പോള്‍ അദ്ഭുതപെട്ടുപോയി.
ട്രാക്കിന് നടുവില്‍ പശു നിക്കുന്നത് കണ്ടു നിര്‍ത്തിയതാണ്.
എന്‍ജിന്‍ ഡ്രൈവര്‍ തന്നെ ഇറങ്ങിപോയി പശുവിനെ മാറ്റികെട്ടി യാത്ര തുടര്‍ന്നു .
അത്രക്കടുപ്പം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു ഈ മലയോരഗ്രാമാങ്ങളിലെ മണല്‍തരികളും
ദിനവും ഈ വഴി കടന്നു പോകുന്ന ഈ തീവണ്ടിയും തമ്മില്‍.
ഇനിയുമുണ്ട് കഥകള്‍ ഏറെ ...
ഇപ്പോള്‍ ഒറ്റക്കല്‍ സ്റ്റേഷന്‍ പിന്നിടുന്നു യാത്ര.
പെട്ടന്ന് കൂരിരുട്ടിലേക്ക്...
മലയിടുക്കുകളില്‍ തുരന്ന തുരങ്കത്തിലേക്ക് കയറിയതാണ്...
ബോഗികളില്‍ നിന്നും വിസിലടികളും കൂക്കുവിളികളും ഉയര്‍ന്നു പൊങ്ങും, പ്രതിധ്വനിക്കും....
കാതടപ്പിക്കുന്ന ഒച്ചയോടൊപ്പം ആഹ്ലാദാരവങ്ങളും...
അഞ്ചു തുരങ്കങ്ങള്‍ ഉണ്ട് യാത്രക്കിടയില്‍.
ഉള്ളിലേക്ക് കയറുമ്പോള്‍ വാതിലില്‍ നിന്നു നോക്കിയാല്‍ കാണാം .
അങ്ങ് ദൂരെ മുനിഞ്ഞു കത്തുന്ന വിളക്കു പോലെ മറുവശത്തെ കവാടം.
ഇത്തരത്തിലൊരു തുരങ്കം പിന്നിട്ടു വെളിച്ചത്തിലെക്കിറങ്ങുമ്പോള്‍ ഉള്ള ആദ്യ കാഴ്ച
പതിമൂന്നു കാണാറ പാലമെന്ന വിസ്മയകാഴ്ചയാണ് .
തുരങ്കത്തില്‍ നിന്നും രാമന്‍ മലയുടെ അരികിലേക്ക് വളഞ്ഞു...
പതിമൂന്നു കല്ത്തൂണ്കളിലായി ഒരു അദ്ഭുതകാഴ്ച ...
പാലത്തിനു താഴെ ദേശീയ പാതയും
അതിനും താഴെ കല്ലടയാറിന്‍റെ കൈവഴിയും
മറുകരയിലെ പുല്‍മേടുകളും.
എല്ലാം പ്രകൃതിയിലേക്ക് വരച്ചുവച്ചത് പോലെ.
മീറ്റര്‍ ഗേജു യാത്രയിലെ ഏറ്റവും പ്രിയങ്കരമായ കാഴ്ചകളിലൊന്ന്.
ആര്യങ്കാവിലേക്ക്.
ബോഗികളില്‍ യാത്രക്കരേറുന്നു.
പല ഭാണ്ടങ്ങളില്‍ ജീവിതം നിറച്ചു ,അതിര്‍ത്തി താണ്ടി
കച്ചവടം നടത്തി മടങ്ങുന്നവര്‍.
പതിവ് യാത്രികരെങ്കിലും മടുപ്പില്ലാതെ ഈ യാത്ര ആസ്വദിക്കുന്നവര്‍.
ടീ,കോഫീ വിളികളും സജീവമാകും ഇനി.
വേഗത കുറഞ്ഞു സഹ്യന്‍റെ അരുകിലേക്ക്.
ഏത് ഋതുവിലും ആര്യങ്കാവിന്‍റെ മലമടക്കുകളില്‍ തണുപ്പാണ്,
നാസാരന്ദ്രങ്ങളില്‍ വനഗന്ധം പടര്‍ത്തുന്ന നേരിയ തണുപ്പ്.
ടീ ,കോഫീ വിളികള്‍ അടുത്തെത്തുന്നു .
ഇവര്‍ക്കിടയില്‍ ഒരു പതിവ് കച്ചവടക്കാരന്‍ ഉണ്ട് .
രണ്ടു കൈകളും മുട്ടിനു മുകളില്‍ മുറിഞ്ഞു പോയ തമിഴരശന്‍ .
ആര്യങ്കാവിനും ഭഗവതിപുരം സ്റ്റേഷനും ഇടയില്‍
ഏതോ അതിര്‍ത്തി ഗ്രാമത്തില്‍നിന്നും ചായയും വടയും
വില്‍ക്കാനായി എത്തുന്ന തമിഴരശന്‍.
ഗ്രാമത്തില്‍ ഒരിടത്ത് എന്നും തീവണ്ടി നിര്‍ത്തികൊടുക്കും,
തമിഴരശന് ട്രെയിനില്‍ കയറാന്‍ വേണ്ടി മാത്രം.
തിരികെ വരുമ്പോള്‍ ഇറങ്ങാനും.
മീറ്റര്‍ ഗേജു പാതയില്‍ ജീവിതം കരുപിടിപ്പിക്കുന്ന തമിഴരശന്
ഈ തീവണ്ടിയോടുള്ള ആത്മ ബന്ധത്തെ എന്ത് പേരിട്ടു വിളിക്കാം...
ഭഗവതിപുരത്തെത്തിയിരിക്കുന്നു.
ഈ പാതയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ഈ സ്റ്റേഷന്‍ .
നിരനിരയായി വേടുകള്‍ തൂങ്ങികിടക്കുന്ന ആല്‍മരങ്ങള്‍.
ദൂരെ തമിഴന്‍റെ കവുങ്ങിന്തോപ്പുകള്‍,
ഇപ്പുറം സഹ്യന്‍റെ മടിയിലേക്ക് ഒഴുകിയിറങ്ങുന്ന ചോല.
കരയില്‍ തമിഴ് അലക്കുകാരികള്‍ വിരിച്ചിട്ടിരിക്കുന്ന തുണികള്‍.
ദൈവം നേരിട്ട് ഫിക്സ് ചെയ്ത ഒരു സുന്ദര ഫ്രെയിം.
ഇനി അധിക ദൂരമില്ല ചെങ്കോട്ടക്ക്.
പാതക്കിരുവശവും മുള്‍ച്ചെടികള്‍ ,
കുമ്മായം തേച്ചു , ഇടവിട്ട് ചുവന്ന വരകളുമായി അമ്പലച്ചുമരുകള്‍.
തമിഴിലുള്ള സിനിമ പോസ്ററുകള്‍ .
തിരിഞ്ഞൊന്നു നോക്കിയാല്‍ തലയെടുപ്പോടെ സഹ്യന്‍ അകന്നു പോകുന്നത് കാണാം .
ചെങ്കോട്ടയില്‍ വണ്ടിയിറങ്ങുമ്പോള്‍ ,
പുറത്തെ തണലിലേക്ക് നടക്കുമ്പോള്‍ നമുക്കും തോന്നും ,
തുരുമ്പ് കലര്‍ന്ന ഇരുമ്പിന്‍റെ നിറമുള്ള, ഈ തീവണ്ടിയോട് ഒരാത്മ ബന്ധം....
തമിഴരശന് തോന്നുന്ന...,
പതിവ് എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്ക് വഴിയിലെ ഗ്രാമങ്ങളോട് തോന്നുന്ന
അതേ ആത്മ ബന്ധം....
രതീഷ് രഘുനന്ദന്‍