Sunday, June 27, 2010

ഒരു കല്ല് പെന്‍സിലിന്റെ ഓര്‍മയ്ക്ക്....


ഒരു കല്ല് പെന്‍സിലിന്റെ ഓര്‍മയ്ക്ക്....




സ്കൂളിനു മുന്പിലേക്കുള്ള ചെമ്മണ്‍ പാതയിലെ ചേറ്റുവെള്ളം തെറുപ്പിച്ച് ......
വഴിയരുകിലെ തൊട്ടാവാടികളെ ഉലച്ച്‌ ....
കയ്യില്‍ ബാഗും ചോറ്റുപാത്രവും ....
കണ്ണില്‍ ഒരു കള്ള ചിരിയുമായ് ....


തുമ്പപ്പൂ പോലെ ഒരു പെണ്‍കുട്ടി

...
ആ വഴിയിലൂടെ ശാലിനി നടന്നു വരുന്നത് ഇപ്പോഴും ഞാന്‍ കാണുന്നു

..
ചേകം സര്‍ക്കാര്‍ എല്‍ പീ സ്കൂളിലെ നാലാം ക്ലാസിന്റെ ഓര്‍മകളില്‍ ..


ജീവിതത്തില്‍ പത്തു വര്‍ഷം മാത്രം കിട്ടിയ പഠനകാലത്തിന്റെ ഓര്‍മകളില്‍

...
നാലാം ക്ലാസിനു ശേഷമുള്ള ഓരോ വേനലവധികളും
ഓരോ സ്കൂള്‍ തുറക്കലുകളും ശാലിനിയുടെ ഓര്‍മ്മകളില്‍ തരുന്നത് ..
നാലാം ക്ലാസിലേക്കാന്നു ശാലിനി വന്നത്,

ക്ലാസുകള്‍ തുടങ്ങി കുറെ ആഴ്ചകള്‍ക്ക് ശേഷം.
അതുവരെ വേറെ ഏതോ സ്കൂളിലാണ് അവള്‍ പഠിച്ചത്.
എന്‍റെ വീടിന്‍റെ മുന്നിലെ റോഡിലൂടെ അല്ല ശാലിനി സ്കൂളിലേക്ക് വന്നത്....
കടയ്ക്കാമന്‍ അംബേദ്‌കര്‍ കോളനിയില്‍ നിന്നുള്ള റോഡിലൂടെ,


സുരേഷിന്റെയും സുനിലിന്റെയും ഒക്കെ കൂട്ടത്തിനും പിന്നിലായി ...
ഇന്ദിരയുടെയും റാണിയുടെയും ഒപ്പം.... ഒരു വലിയ കൂട്ടമായി ....
ആദ്യമൊന്നും ശാലിനിയെ ഞാന്‍ ശ്രധിച്ചതെയില്ല
....
അവള്‍ക്കും എല്ലാവരെയും പോലെ നരച്ച നീല പാവാടയും
ചന്ദന നിറത്തിലേക്കു മങ്ങി തുടങ്ങിയ വെള്ള ജാക്കറ്റും...
എല്ലാ ദിവസങ്ങളിലും...

ചന്തി കീറി തുടങ്ങിയ എന്‍റെ നിക്കറിന്റെ ബട്ടന്‍ പകുതി പൊട്ടി പോയിരുന്നു...
ഞാന്‍ അത് ലുങ്കി ഉടുക്കും പോലെ ഉടുത്തു വയ്ക്കും.

എന്നെപ്പോലെ സുരേഷിനോ സുനിലിനോ ഒന്നും ഒരു വര്‍ഷവും പുത്തനുടുപ്പുകള്‍ ഉണ്ടാകാറില്ല.

ശാലിനിയുടെ അച്ഛനും അമ്മയ്ക്കും തുണി അലക്കാണ് ജോലി .കോളനിയുടെ അരികിലുള്ള റബര്‍
ഫാമിലാണ് എന്‍റെ അമ്മക്ക് ജോലി. കോളനിക്കരികിലൂടെ ഒഴുകുന്ന ചെറിയ പുഴക്കരയില്‍ തുണികള്‍ അലക്കി വിരിച്ചിരിക്കുന്നത് എന്‍റെ മനസ്സില്‍ തെളിഞ്ഞു.
സ്ലേറ്റു തുടക്കുന്ന ഒരു വെള്ളത്തണ്ട് ... ഒരു കുഞ്ഞു കല്ല്‌ പെന്‍സില്‍... ശാലിനിയെ എന്‍റെ കൂട്ടുകാരിയാക്കിയത് ഇവയാണ് ..
രാമചന്ദ്രന്‍ സാറിന്‍റെ കണക്കു ക്ലാസ് .
മുട്ട് വിറക്കും, നീളന്‍ ചൂരലും കവിള്‍ പാതി എത്തുന്ന കൃതാവും കാണുമ്പോള്‍ .
ഒരു കണക്കു ക്ലാസില്‍ അരികു പൊട്ടിയ എന്‍റെ സ്ലേറ്റും പിടിച്ചു ഞാന്‍ വിറച്ചിരുന്നു
നിക്കറിന്റെ പോക്കറ്റില്‍ ഇട്ടിരുന്ന കല്ല്‌ പെന്‍സില്‍ കാണുന്നില്ല.

ഒരു കണക്കു ബോര്‍ഡില്‍ എഴുതിയാല്‍ ഉടന്‍ അത് ചെയ്തു കാണണം .ചൂരലുമായി കുട്ടികള്‍ക്കരികിലൂടെ വലം വയ്ക്കും രാമചന്ദ്രന്‍ സാര്‍
.
അരികിലെത്തുമ്പോള്‍ ഉത്തരം എഴുതിയ സ്ലേറ്റു നീട്ടി പിടിച്ചിരിക്കണം
ഇല്ലെങ്കില്‍ പാവാടയില്‍ നിന്നും നിക്കറില്‍ നിന്നും പൊടി പറക്കും, കണ്ണില്‍ നിന്ന് പൊന്നീച്ചയും.

ഞാന്‍ ഒരിക്കല്‍ കൂടി നിക്കറിന്റെ പോക്കറ്റില്‍ കയ്യിട്ടു.പോക്കറ്റിലെ വിടവിലൂടെ എന്‍റെ വിരലുകള്‍
തുടയില്‍ തൊട്ടു.ചെവിയിലൂടെ ചൂട് കാറ്റ് പോകുന്നു.ബോര്‍ഡില്‍ കണക്കു എഴുതി സാറ് കസേരയില്‍ ഇരുന്നിട്ട് കുറെ നേരമായ് .എല്ലാവരും എഴുന്നേറ്റു നിന്ന് കണക്കു ശരിയാക്കുകയാണ് .ഇടത്തും വലത്തും
നില്‍ക്കുന്ന സന്തോഷിനെയും അനിലിനെയും തോണ്ടി വിളിക്കാന്‍ തോന്നി .പേടി കൊണ്ട് അവന്‍മാര്‍ തിരിഞ്ഞു നോക്കിയില്ല. പെന്‍സില്‍ ഇല്ലാത്ത എന്‍റെ വെപ്രാളം കണ്ടത് ശാലിനി മാത്രം.

എതിര്‍ നിരയില്‍ നിന്ന് കുഞ്ഞു വിരലോളം പോന്ന ഒരു കല്ല്‌ പെന്‍സില്‍ എനിക്ക് നേരെ പറന്നു വന്നു.
സാറിന്‍റെ റോന്തു ചുറ്റല്‍ ആരംഭിച്ചിരുന്നു. വിറയ്ക്കുന്ന വിരലുകള്‍ കൂട്ടിപിടിച്ചു ഞാന്‍ എഴുതി തുടങ്ങിയതെ ഉള്ളു .

സാറ് അരികിലെത്തി ,സ്ലേറ്റു നീട്ടാന്‍ വൈകിയതിനു പുറംകയ്യില്‍ ഒരടി , എങ്കിലും സ്ലേറ്റിലെ ഉത്തരം ശരിയായിരുന്നു
.
കണ്ണുകളില്‍ കൃതജ്ഞത നിറച്ചു ഞാന്‍ ശാലിനിയെ നോക്കി ചിരിച്ചു. അവള്‍ എന്നെയും .
അന്ന് ആണ് എനിക്ക് തോന്നിയത് അവളെക്കാണാന്‍ നല്ല ഭംഗിയുണ്ടെന്നു , ഇരുവശങ്ങളിലൂടെ പിന്നിയിട്ടിരിക്കുന്ന മുടിയിഴകള്‍ അവള്‍ക്കു നന്നായി ചേരുമെന്നും.

പിന്നീടങ്ങോട്ട് ശാലിനി എനിക്കായ് എന്നും വെള്ളത്തണ്ടുകള്‍ കൊണ്ടുവരും,അരികു പൊട്ടിയ എന്‍റെ സ്ലേറ്റു തുടക്കാന്‍.

എന്നും അവളുടെ ബാഗില്‍ ഒരുപാട് കൗതുക സാധനങ്ങള്‍ ഉണ്ടാകും. തീപ്പെട്ടിപ്പടങ്ങള്‍ , മഞ്ചാടി ,വളപ്പൊട്ടുകള്‍ .....അങ്ങിനെ....

ഒരിക്കല്‍ ഞാനും ശാലിനിയും തീപ്പെട്ടി പടം കളിക്കുമ്പോള്‍ ഇന്ദിര അരുകില്‍ വന്നിരുന്നു,

അവള്‍ മൂന്നിലും നാലിലും തോറ്റതാണ്,ഞങ്ങളെക്കാള്‍ വലിയ കുട്ടി.

ഇന്ദിര അരികിലിരുന്നു ഞങ്ങളെ മാറിമാറി നോക്കി ചിരിച്ചു, എഴുന്നേറ്റു പോകുമ്പോള്‍ തിരിഞ്ഞു നോക്കിയും ചിരിച്ചു.... എനിക്ക് മനസിലായില്ല, എന്താ ഇന്ദിരയുടെ കണ്ണുകളില്‍ എന്ന്...
എന്നും രാവിലെ സ്കൂളിലെത്തിയാല്‍ പുസ്തകം ക്ലാസില്‍ വച്ച്, ഭാസ്കരന്‍ ചേട്ടന്‍റെ കടയുടെ അരുകില്‍ നോക്കിനില്‍ക്കും, അവിടെ നിന്നാല്‍ കാണാം, കോളനിയില്‍ നിന്നുള്ള സംഘങ്ങള്‍
സ്കൂളിലേക്ക് വരുന്നത്...
.
തലേന്ന് വൈകിട്ടത്തെ മഴ പിളര്‍ത്തിയ റോഡിലെ വെള്ളം തെറുപ്പിച്ച് ,
ചിരിച്ചു തകര്‍ത്തു വരുന്ന കൂട്ടത്തില്‍ ഒന്നില്‍ ശലിനിയുമുണ്ടാകും, പകര്‍ത്തു എഴുതിയില്ലെന്ന ആശങ്ക ഇല്ലാതെ, കണക്കു ക്ലാസിന്റെ പേടിയില്ലാതെ...അങ്ങിനെ ചിരിച്ചുല്ലസിച്ച്‌....

ഇന്ദിരയുടെ കൂട്ടത്തിലാണ് ശാലിനി വരാറ് .
തോളിലെ തുണിസഞ്ചിയില്‍ എനിക്കുള്ള വെള്ളത്തണ്ടും
കല്ലുപെന്‍സിലും ഒക്കെയായി...

ദൂരെ കാണുമ്പോഴേ ഒരു ചിരിയാണ്...കണ്ണില്‍ തിളക്കവും...

കളിയും ഉച്ചകഞ്ഞിയും എല്ലാം ഒരുമിച്ചാണ്. വൈകിട്ട് സ്കൂള് വിടുമ്പോള്‍ , റോഡു രണ്ടായി പിരിയുന്നിടത്ത് പതുങ്ങി വന്നു തോളില്‍ ഒരടി
.
"നാളെ കാണും വരെ ഇതിരിക്കട്ടെ"

എന്നിട്ട് ഒറ്റയോട്ടമാണ്

ആ അടിക്കു വേണ്ടി അറിയാത്ത ഭാവത്തില്‍ നില്‍ക്കുമായിരുന്നു.

കൊല്ലപ്പരീക്ഷ വന്നപ്പോഴാണ് സംഗതി മാറിമറിഞ്ഞത് ,സന്തോഷമെല്ലാം പോയി.
നാലാം ക്ലാസ് കഴിഞ്ഞാല്‍ കോളനിയിലെ കുട്ടികള്‍ എല്ലാം അവര്‍ക്കടുത്തുള്ള നടുക്കുന്നിലെ സര്‍ക്കാര്‍ സ്കൂളിലെക്കാന്നു പോകുന്നത്.ഞങ്ങള്‍ പോകുന്ന സ്കൂള്‍ അവര്‍ക്ക് ദൂരം കൂടുതലും.

അവസാന
പരീക്ഷയുടെ ദിവസവും ഞാന്‍ ശാലിനിയോട് ചോദിച്ചില്ല ,ഇനി ഇതു സ്കൂളിലാ പോകുന്നേന്നു. അവള്‍ക്കും നല്ല സങ്കടം ഉണ്ടായിരുന്നു.അന്ന് അവള്‍ എന്നോട് ഒന്നും മിണ്ടാതെ നടന്നു,

ഒരിക്കല്‍ തിരിഞ്ഞു നോക്കി. എനിക്ക് കാഴ്ചകള്‍ വ്യക്തമാകുന്നില്ലയിരുന്നു .


ആ വേനല്‍ അവധിക്കാലം എനിക്ക് ഒരു സന്തോഷവും തന്നില്ല.അമ്മക്കുള്ള ചോറും കൊണ്ട് എന്നും
കോളനിക്കരുകിലുള്ള റബര്‍ ഫാമിലേക്ക് പോകും.പുഴയുടെ അക്കരെ കോളനിയിലേക്ക് നോക്കും.

പുഴയുടെ കരയില്‍ ഒത്തിരി തുണി
അലക്കി വിരിച്ചിരിക്കുന്നത്‌ കണ്ടു,ഒരിക്കല്‍ പോലും ശാലിനിയെ കണ്ടില്ല.

അഞ്ചാം ക്ലാസില്‍ പോകാന്‍ എനിക്ക് വലിയ ഉത്സാഹം തോന്നിയില്ല.
പതിവിനു വിപരീതമായി അത്തവണ എനിക്കൊരു പുത്തന്‍ ഉടുപ്പ് കിട്ടി.
എല്ലാ വര്‍ഷവും ചേട്ടന്‍റെ കഴിഞ്ഞ വര്‍ഷത്തെ ഉടുപ്പായിരിക്കും എന്‍റെ പുത്തനുടുപ്പു.
സ്കൂള്‍ തുറന്ന ദിവസം
സ്കൂളിലേക്ക് നടക്കുമ്പോള്‍ എന്തോ ഒരു ആകാംഷ ഉണ്ടായിരുന്നു.
ശാലിനിയും വരുമോ ഈ സ്കൂളിലേക്ക്...?

ചെറിയ സ്കൂളായിരുന്നു അത് . ക്ലാസ് മുറികളോട് ചേര്‍ന്ന് ഓഫീസ് മുറി. ചെറിയ മൈതാനം ,
എന്‍റെ
മനസിലെ വിമ്മിഷ്ട്ടം കനത്തു കിടന്നു.
ഞങ്ങള്‍ കുറച്ചു പേരെ ഉള്ളു പരിചയക്കാര്‍ .ബാക്കി എല്ലാം പുതിയ കുട്ടികളാണ്.

പരിചയമുള്ളവര്‍ ചെറു കൂട്ടങ്ങളായി അവിടവിടെ നില്‍ക്കുന്നു.
വരാന്തയുടെ അറ്റത്ത്‌ പോയി റോഡിലേക്ക് നോക്കി കുറെ നേരം നിന്നു .
ഇല്ല...

കുട്ടികള്‍ എല്ലാം വന്നു കഴിഞ്ഞു...

ഒരു കൂട്ടമണി , ഫസ്റ്റു ബെല്ലാണ്
എല്ലാ കുട്ടികളും ക്ലാസില്‍ കയറണം . അടുത്ത ബെല്ലിനു വരിവരിയായി മുറ്റത്തേക്ക്.
ആദ്യ അസംബ്ലിയാണ് , ഈ സ്കൂളിലെ ചിട്ടവട്ടങ്ങളൊക്കെ ഈ അസംബ്ലിയിലാകും പറയുക.

ക്ളാസിനുള്ളില്‍ പെണ്‍കുട്ടികളുടെ വശത്തേക്ക് നോക്കി.സുനിതയെയും രമയെയുംകണ്ടു, ശശികലയും....
പിന്നെ....?
എന്‍റെ നെഞ്ചിലൊരു മിന്നല്‍...

അവിടെ ഇന്ദിര,അമ്പിളി,ബിന്ദു ..
..
കണ്ണുകള്‍ കൊതിയോടെ ഓരോ മുഖങ്ങളിലേക്കും പരതിപ്പാഞ്ഞു ....
പലതവണ...
ഇല്ല...
ശാലിനി മാത്രം ഇല്ല...
നടുക്കുന്നിലെ സ്കൂളിലേക്ക് പോയിക്കാണും.
പിന്നെ ഇന്ദിരയോട് ചോദിക്കാം.
അടുത്ത ബെല്ലുമടിച്ചു .
എല്ലാവരും വരിയായി മുറ്റത്തേക്ക്.
ആ അസംബ്ലിയുടെ നിറം നീലയും വെള്ളയും അല്ലായിരുന്നു.

ഒത്തിരി പുത്തനുടുപ്പുകള്‍...

വരാന്തയില്‍ ഫാത്തിമ്മ ടീച്ചര്‍ , മറ്റു സാറന്മാരും.

മൂന്ന് പെണ്‍കുട്ടികള്‍ വന്നു നിന്നു
ഒരു ബെല്ല്.
അവര്‍ പാടിത്തുടങ്ങി.
''ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം''

''പാവമാം എന്നെ നീ .............

എന്‍റെ കണ്ണുകള്‍ അപ്പോഴും അവളുടെ മുഖം തേടുകയായിരുന്നു...
ശാലിനിയുടെ...
ഇന്ദിര,അമ്പിളി,ശ്രീദേവി,ബിന്ദു...ബാക്കി എല്ലാവരും ഉണ്ട്...
അവള്‍ മാത്രം ഇല്ല..
അന്നാദ്യമായ് എനിക്ക് ശാലിനിയോട് ദേഷ്യം തോന്നി....
അവള്‍ മാത്രം വന്നില്ലല്ലോ...?
പാട്ട് തീര്‍ന്നിരുന്നു.
ഫാത്തിമ്മ ടീച്ചര്‍ അല്പം മുന്‍പിലേക്ക് കയറി നിന്നു,
ടീച്ചര്‍ മുരടനക്കി
"ഈ വരിയില്‍ ഉള്ളവരെല്ലാം പുതിയ കുട്ടികളാണ് അല്ലെ?
എല്ലാ മുഖങ്ങളിലും ചെറിയ പേടിയുണ്ട്.
"കുറച്ചു കാര്യങ്ങള്‍ പുതിയ കുട്ടികളോട് പറയാനുണ്ട്‌."- ടീച്ചര്‍.
"അതിനു മുന്‍പ് നമുക്ക് അല്‍പ സമയം മൌനമാചരിക്കാം"
ആര്‍ക്കും ഒന്നും മനസിലായില്ല.

"ഈ വര്‍ഷം അഞ്ചാം ക്ലാസിലേക്ക് നമ്മുടെ സ്കൂളില്‍ ചേരുകയും
,
നാല് ദിവസം മുന്‍പ് മരിച്ചു പോകുകയും ചെയ്ത ഒരു കുട്ടിയുണ്ട്.."
എല്ലാ മുഖങ്ങളിലും ഒരു പകപ്പ്.
"കോളനിയില്‍ നിന്നുള്ള ഒരു ശാലിനി"
എന്‍റെ കാതുകള്‍ അടഞ്ഞു പോയിരുന്നു.
തലതിരിച്ചു നോക്കി .
ഇന്ദിര,അമ്പിളി,ശ്രീദേവി... അവര്‍ കരയുകയാണ്....
"ആ കുട്ടിക്ക് മഞ്ഞപ്പിത്തം ആയിരുന്നു."
ടീച്ചറിന്‍റെ ഒച്ച ഏതോ വിദൂരതയില്‍ നിന്നും വരുന്ന പോലെ.
പിന്നെ ഒന്നും കേട്ടില്ല.
എല്ലാരും തലതാഴ്ത്തി നിന്നു കുറെ നേരം.

കണ്ണീര്‍ മറച്ച കാഴ്ചകള്‍ക്കും മീതെ മനസ്സില്‍ മറ്റു ചില ചിത്രങ്ങള്‍ തെളിഞ്ഞു നിന്നു.
ഒരു വെള്ളത്തണ്ടിന്റെ ...
ഒരു കുഞ്ഞു കല്ല്‌ പെന്‍സിലിന്റെ...

തീപ്പെട്ടിപ്പടത്തിന്റെയും മഞ്ചാടിയുടെയും....
ഇരുവശങ്ങളിലേക്കും പിന്നിയിട്ട മുടിയില്‍ ചുവന്ന റിബണ്‍ കെട്ടി,
ഒരു കള്ളച്ചിരിയുമായി നടന്നു വരുന്ന ശാലിനിയുടെ മുഖം
മനസ്സില്‍ തുളുമ്പി നിന്നു..
..
പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം...
ചിന്തിക്കുമ്പോള്‍,
അന്ന് ഞങ്ങള്‍ തീപ്പെട്ടി പടം കളിക്കുമ്പോള്‍ അരുകില്‍ വന്നിരുന്ന ഇന്ദിരയുടെ ചുണ്ടിലെ
ചിരിയുടെ അര്‍ഥം ഇപ്പോള്‍ ഞാനറിയുന്നു...

പിന്നീടിങ്ങോട്ടുള്ള ഓരോ വേനലവധികളും,
സ്കൂള്‍ തുറക്കലുകളും എന്നെ നോവിക്കുന്നു..

"രാവിലെ കാണും വരെ ഇതിരിക്കട്ടെ"
എന്ന് പറഞ്ഞു തരുന്ന തോളിലെ കുഞ്ഞു അടിയുടെ ...
ഓര്‍മ്മകള്‍....